തിരുവനന്തപുരം: കേരളത്തിൽ പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജിൽ ഇരുപത്തിയൊന്ന് പേരാണ് ഐസൊലേഷനിൽ ഉളളതെന്നും പരിശോധന നടത്തിയതിൽ 94 സാംപിളുകളുടെ ഫലവും നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. നിപ ബാധിതർ ചികിത്സയിലുളള ആശുപത്രികളിൽ മെഡിക്കൽ ബോർഡുകൾ നിലവിൽ വന്നതായും ഐഎംസിഎച്ചിൽ രണ്ട് കുട്ടികൾ നിരീക്ഷണത്തിലുണ്ട് എന്നും വീണാ ജോർജ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വരെ ആറ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ചികിത്സയിലുളളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സെപ്റ്റംബർ18 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിദ്യാര്‍ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശിപ്പക്കരുതെന്ന് കലക്ടര്‍ ഉത്തരവിട്ടു. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പടെയുള്ളവക്ക് നിര്‍ദേശം ബാധകമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
അംഗനവാടികള്‍, മദ്രസ്സകള്‍ എന്നിവിടങ്ങളിലും വിദ്യാര്‍ഥികള്‍ എത്തിച്ചേരേണ്ടതില്ല. പൊതുപരീക്ഷകള്‍ നിലവില്‍ മാറ്റമില്ലാതെ തുടരുന്നതാണ്. ജില്ലയിലെ പരീക്ഷകള്‍ മാറ്റിവെക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.