പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പ്രകടന പത്രികയില്‍ ഉറപ്പിച്ച് പറയുന്നത് എല്‍.ഡി.എഫ്; പിണറായി വിജയൻ

മണ്ണാര്‍ക്കാട്: പ്രകടന പത്രികയില്‍  പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് എല്‍.ഡി.എഫ്. ഉറപ്പിച്ചുപറയുമ്പോള്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രകടനപത്രികയില്‍ ഇതുസംബന്ധിച്ച് മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഇക്കാര്യത്തിലുള്ള നിലപാട്, കേരളത്തില്‍ പര്യടനം നടത്തുന്ന രാഹുല്‍ഗാന്ധി വ്യക്തമാക്കണം. പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്് സംഘപരിവാര്‍ മനസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ലോക്‌സഭാമണ്ഡലം സ്ഥാനാര്‍ഥി എ. വിജയരാഘവന്റെ മണ്ണാര്‍ക്കാട് മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ യോഗം നെല്ലിപ്പുഴ കിനാതിയില്‍ മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഭരണഘടനാ സ്ഥാപനങ്ങളെ കാല്‍കീഴിലാക്കാന്‍ ശ്രമിക്കുകയും രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന മോദി സര്‍ക്കാരിനെതിരെയുള്ള സമരങ്ങളില്‍  ഒരു കോണ്‍ഗ്രസ് നേതാവിന്റേയും പേരില്ലെന്നും അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് പറഞ്ഞുവിട്ട 18 എം.പി.മാര്‍ പ്രതിസന്ധികളില്‍ കേരളത്തിനൊപ്പം നിന്നതുമില്ല. ബി.ജെ.പിയുടെ കേരള വിരുദ്ധ സമീപനം എല്‍.ഡി.എഫിന്  അനുകൂലമായ തരംഗമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ.കെ.അബ്ദുള്‍ അസീസ് അധ്യക്ഷനായി. സ്ഥാനാര്‍ഥി എ. വിജയരാഘവന്‍, എം.എല്‍.എ. മാരായ പി.വി.അന്‍വര്‍, കെ.ശാന്തകുമാരി, സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു, മറ്റു നേതാക്കളായ എന്‍.എന്‍. കൃഷ്ണദാസ്,  പി.കെ.ശശി, ജോസ് ബേബി, യു.ടി. രാമകൃഷ്ണന്‍, പി.എ. റസാഖ് മൗലവി, അഡ്വ.ജോസ് ജോസഫ്, മണികണ്ഠന്‍ പൊറ്റശ്ശേരി എന്നിവര്‍ സംസാരിച്ചു.