മലപ്പുറം ● പഠിച്ച സ്കൂളിലെ അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരിതൊടിയിൽ ബിനോയി (26) യാണ് സൈബർ പോലീസിന്റെ പിടിയിലായത്. പ്രധാനാധ്യാപികയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയെന്ന പരാതിയെ തുടർന്ന് മലപ്പുറം അഡീഷനൽ എസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽനടന്നഅന്വേഷണത്തിലാണ് ഇയാൾ വലയിലായത്.
2014-2016 അക്കാദമിക വർഷത്തിൽ ഈ സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥിയാണ് ബിനോയ്. പ്രധാനാധ്യാപികയും മറ്റ് അധ്യാപികമാരും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ അശ്ലീല ചിത്രങ്ങളുമായി കൂട്ടിചേർത്ത് പ്രതി രൂപമാറ്റം വരുത്തി പ്രചരിപ്പിച്ചുവെന്നതാണ് കേസ്. ഇയാളുടെ കമ്പ്യൂട്ടറുകളും ഫോണും പൊലീസ് പിടിച്ചെടുത്തു.
പ്രതിയുടെ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയിൽനിന്ന് നൂറുകണക്കിന് അശ്ലീല ചിത്രങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും മലപ്പുറം സൈബർ പൊലീസ് കണ്ടെടുത്തു. മറ്റാരുടെയെങ്കിലും പ്രേരണയോ സഹായമോ പ്രതിക്ക് കിട്ടിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയപ്രതിയെ റിമാൻറ് ചെയ്തു.