ആയിരത്തോളം തടവുകാരെ ആരും കാണാൻ വരുന്നില്ല: ‘മാനസികസമ്മർദം’ കുറയ്ക്കാൻ കൗൺസലർമാർ വേണം

തിരുവനന്തപുരം ● സംസ്ഥാനത്ത് വിവിധ ജയിലുകളിൽ കഴിയുന്ന ആയിരത്തോളം കുറ്റവാളികളെ അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ കാണാൻ വരുന്നില്ലെന്ന് ജയിൽ വകുപ്പ്. ഇത്തരക്കാരിൽ മാനസിക സമ്മർദ്ദം കൂടാനുള്ള സാഹചര്യം ഉണ്ടെന്നും അത് ഒഴിവാക്കാൻ കൗൺസിലർമാരെ നിയമിക്കണമെന്നുമുള്ള ശുപാർശ മുന്നോട്ടു വെച്ചിരിക്കുകയാണ് ജയിൽ വകുപ്പ്. 


ചില തടവുകാരിൽ മാനസികപ്രശ്നങ്ങൾ കൂടുന്നതു സംബന്ധിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ശുപാർശയുമായി ജയിൽ വകുപ്പ് രം​ഗത്ത് വരുന്നത്. ജയിലിൽ കഴിയുന്നവരിൽ ആയിരത്തിലധികം പേർ മാനസികപ്രശ്നങ്ങൾക്കു ചികിത്സ തേടുന്നവരാണ്. 

സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ താമസിപ്പിക്കാൻ കഴിയാതെ വരുന്നതോടെ മരുന്നുനൽകി ജയിലുകളിൽ തന്നെയാണു മിക്കവരെയും പാർപ്പിക്കുന്നത്. ജയിൽ എഡിജിപി ബൽറാം കുമാർ ഉപാധ്യായയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചതായാണു വിവരം. നിലവിൽ ജയിലിൽ കൗൺസലറുടെ സേവനം കിട്ടാറില്ല.