കൊല്ലത്ത് അക്ഷയ കേന്ദ്രത്തിൽ ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ്; പിന്നാലെ ജീവനൊടുക്കി

കൊല്ലം ● കൊല്ലം പാരിപ്പള്ളിയിൽ ഭാര്യയെ പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കർണാടക കുടക് സ്വദേശിനികളായ നാവായിക്കുളം വെട്ടിയറ അൽബായ വീട്ടിൽ നാദിറ(40), ഭർത്താവ് അബ്ദുൽ റഹീം(50) എന്നിവരാണ് മരിച്ചത്‌. കൃത്യത്തിന് ശേഷം സ്വയം കഴുത്തറുത്ത റഹീം അടുത്തുള്ള കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു. ഇന്നു രാവിലെ ഒമ്പത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. സംശയരോഗമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. 


അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയാണ് നാദിറ. ഓട്ടോ ഡ്രൈവറായ റഹീം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇരുവരും നാവായിക്കുളത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. അക്ഷയ കേന്ദ്രത്തിൽ ജോലിക്കെത്തിയപ്പോഴാണ് സെന്ററിന്റെഉള്ളിൽ വച്ച് നാദിറയെ റഹീം തീകൊളുത്തിയത്. 

നദീറ രാവിലെ സെന്ററിലെത്തി ജോലി ചെയ്യവെ, കോട്ടു ധരിച്ചു മുഖം മറച്ചെത്തിയ റഹീം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. തുടർന്ന് ഇറങ്ങിയോടിയ ഇയാൾ കഴുത്ത് മുറിച്ചശേഷം സമീപത്തെ പറമ്പിലെ കിണറ്റിൽ ചാടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ്ഇയാളുടെ മൃതദേഹം പുറത്തെടുത്തു. ഒരു മാസം മുൻപ് നദീറയെ തലയ്ക്കടിച്ചു പരുക്കേൽപിച്ച കേസിൽ റഹീം ജയിലിലായിരുന്നു. 3 ദിവസം മുൻപാണു മോചിതനായത്. ഇവർക്ക് 2 കുട്ടികളുണ്ട്.