സര്‍വകലാശാലാ സംഘം മുഖ്യമന്ത്രിയെ കണ്ടു; അക്കാദമിക് ബ്ലോക്കിന് 30 കോടി, മ്യൂസിയത്തിന് 13 കോടി

തേഞ്ഞിപ്പാലം ● കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ അക്കാദമിക് ബ്ലോക്ക് നിര്‍മിക്കുന്നതിനും ചുറ്റുമതില്‍ കെട്ടുന്നതിനുമായി 30 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാലയുടെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജും സിന്‍ഡിക്കേറ്റംഗങ്ങളും മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. 

ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുത്ത വകയില്‍ സര്‍വകലാശാലക്ക് ലഭിച്ച നഷ്ടപരിഹാരത്തില്‍ നിന്നാണ് ഇതിന് തുക വകയിരുത്തുക. ചുറ്റുമതില്‍ ഇല്ലാത്തത് കാരണം കാമ്പസിനകത്ത് സുരക്ഷാഭീഷണിയുണ്ട്. സമൂഹവിരുദ്ധര്‍ മാലിന്യം തള്ളുന്നതും പതിവാണ്. ചുറ്റുമതില്‍ വരുന്നതോടെ ഇതിന് പരിഹാരമാകും. സര്‍വകലാശാലയിലെ മള്‍ട്ടി ഡിസിപ്ലിനറി മ്യൂസിയം സജ്ജമാക്കുന്നതിന് 13 കോടി വേറെ അനുവദിക്കും. 

വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ നൂതന സംരഭങ്ങള്‍ തുടങ്ങുന്നതായി കാമ്പസ് പാര്‍ക്ക് തുടങ്ങാന്‍ രണ്ട് കോടി അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പുകള്‍ നടത്താനും കാമ്പസ് പാര്‍ക്ക് പ്രയോജനപ്പെടും. ഫോറന്‍സിക് സയന്‍സ്, വയനാട് ചെതലയത്തുള്ള ഗോത്രവര്‍ഗ പഠനഗവേഷണ കേന്ദ്രം (ഐ.ടി.എസ്.ആര്‍.) എന്നിവയില്‍ രണ്ട് വീതം അധ്യാപകരെ നിയമിക്കുന്നതിനുള്ള അനുമതി തേടിയതായും വൈസ് ചാന്‍സലര്‍ പറഞ്ഞു. 

തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്ററിലെ വികസന പദ്ധതികള്‍ക്കായി 10 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നത് യു.എല്‍.സി.സി.എസാണ്. വ്യവസായ മന്ത്രി പി. രാജീവ്, ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവരുമായും സര്‍വകലാശാലാ സംഘം ചര്‍ച്ച നടത്തി. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. ടി. വസുമതി, അഡ്വ. എല്‍.ജി. ലിജീഷ് എന്നിവരാണ് വൈസ് ചാന്‍സലര്‍ക്കൊപ്പമുണ്ടായിരുന്നത്.