കോട്ടക്കലിൽ തേങ്ങപ്പൊങ്ങ് കഴിച്ച്‌ അഞ്ചര വയസ്സുകാരനടക്കം 15 പേര്‍ക്ക് ഭക്ഷ്യവിഷബാധ

 

കോട്ടക്കല്‍: തേങ്ങപ്പൊങ്ങ് കഴിച്ച്‌ 15 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. എടരിക്കോട് പഞ്ചായത്തിലെ ക്ലാരി സൗത്തിലാണ് സംഭവം.ആറുപേര്‍ കോട്ടക്കല്‍, എടരിക്കോട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. ഒരു വീട്ടുകാരന്റെ മലപ്പുറത്തെ ബന്ധു കൊണ്ടുവന്ന പൊങ്ങ് സമീപത്തെ വീടുകളിലുള്ളവരടക്കം കഴിക്കുകയായിരുന്നു. കുടുംബത്തിലെ ആണ്‍കുട്ടി ഹോസ്റ്റലിലേക്കും കൊണ്ടുപോയി. വയറിളക്കവും ഛര്‍ദിയും ഉണ്ടായതോടെയാണ് സംഭവം അറിയുന്നത്. മലപ്പുറത്തുള്ളവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രാവിലെ മുറിച്ചുവെച്ച പൊങ്ങ് ഏറെ വൈകി കഴിച്ചതാകാം കാരണമെന്നാണ് പഞ്ചായത്ത് ആരോഗ്യവകുപ്പ് പറയുന്നത്. ചൂട് കൂടുന്നതിനാല്‍ ഇത്തരം ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.