വീട്ടുമുറ്റത്തെ മതില്‍ ഇടിഞ്ഞുവീണ് താനൂരിൽ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം ● താനൂരില്‍ കളിക്കുന്നതിനിടെ മതില്‍ ഇടിഞ്ഞുവീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.കാരാട് മുനമ്പത്ത് സ്വദേശി പഴയവളപ്പിൽ ഫസല്‍ - അഫ്‌സിയ ദമ്പതികളുടെ മകന്‍ ഫര്‍സീന്‍ ഇശൽ (3) ആണ് മരിച്ചത്.ഇന്ന് രാവിലെ 9 മണിയോടെ വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിന്റെ ചുറ്റുമതിൽ ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍തന്നെ കുഞ്ഞിനെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അപകടസമയം കുഞ്ഞിനോടൊപ്പം മാതാവും ഉണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇതിൽ മതിലിന് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. ഖബറടക്കം ഇന്ന് നടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മാതാവ്: അഫ്‍സി. സഹോദരി: ഫാത്തിമ ജന്ന.