കൊച്ചി ● പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കാനിടയായത് ഓൺലൈൻ വായ്പ തട്ടിപ്പ് സംഘത്തിന്റെ ഭീഷണി കാരണമെന്നു സൂചന. വായ്പയുടെ തിരിച്ചടവു മുടങ്ങിയതോടെ ഭാര്യയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ വാട്സാപ്പിലൂടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു. വായ്പ പണം നൽകിയില്ലെങ്കിൽ ഇത്തരത്തിലുള്ള നഗ്ന ഫോട്ടോകളും വിഡിയോകളും വ്യാപകമായി പ്രചരിപ്പിക്കുമെന്നു വ്യക്തമാക്കുന്നതും ഹിന്ദിയിലുള്ളതുമായ വാട്സാപ് സന്ദേശവും ലഭിച്ചിട്ടുണ്ട്.
വലിയ കടമക്കുടിയിൽ മാടശേരി നിജോ (39), ഭാര്യ ശിൽപ (29), മക്കളായ ഏയ്ബൽ (7), ആരോൺ (5) എന്നിവരെ ചൊവ്വാഴ്ചയാണു മരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തിയത്. ശിൽപയുടെ ജോലി സംബന്ധമായ കാര്യങ്ങൾക്കു വിദേശത്തു പോകുന്നതുമായ ബന്ധപ്പെട്ടുണ്ടായ സാമ്പത്തികബാധ്യതയാണു മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഇന്നലെ ബന്ധുക്കൾക്കും ചില സുഹൃത്തുക്കൾക്കും ലഭിച്ച വാട്സാപ് സന്ദേശമാണു ഓൺലൈൻ വഴിയുള്ള വായ്പത്തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതിന്റെ സൂചനയായത്.
ശിൽപയുടെ അക്കൗണ്ടിൽ നിന്നു 9300 രൂപ വായ്പയുടെ ഗഡുവായി നൽകിയതിന്റെ തെളിവ് പൊലീസിനു ലഭിച്ചിട്ടുണ്ട്. എത്ര രൂപയാണ് ഓൺലൈൻ വായ്പയായി വാങ്ങിയതെന്ന വിവരവും അറിവായിട്ടില്ല. കഴിഞ്ഞ മാസം തിരിച്ചടവ് മുടങ്ങിയതോടെയാണു വായ്പ നൽകിയ ഓൺലൈൻ സംഘം ശിൽപയുടെ ഫോണിലേക്കു ഭീഷണി സന്ദേശങ്ങൾ അയച്ചു തുടങ്ങിയത്.
മോർഫ് ചെയ്ത നഗ്ന ഫോട്ടോ ഉൾപ്പെടെ സന്ദേശങ്ങൾ ശിൽപയുടെ കോൺടാക്ട് ലിസ്റ്റിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും മൊബൈൽ ഫോണിൽ വാട്സാപ് ആയും അയച്ചുകൊടുത്തു. 25 പേർക്ക് ഇത്തരത്തിൽ സന്ദേശമെത്തിയതായാണു വിവരം. ഒരു സ്ത്രീയുടെ ഹിന്ദിയിലുള്ള ശബ്ദ സന്ദേശമാണ് എല്ലാവർക്കും ലഭിച്ചിട്ടുള്ളത്. തിരിച്ചടവ് മുടങ്ങിയെന്നും പണം ഉടൻ തിരിച്ചടച്ചില്ലെങ്കിൽ നഗ്ന ചിത്രങ്ങളടക്കം എല്ലാ കോൺടാക്ടുകളിലേക്കും അയച്ചു നൽകുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്.