മൈസൂരിൽ വിനോദയാത്ര കഴിഞ്ഞു വന്ന ശേഷം വഴക്ക്; പെരിന്തൽമണ്ണയിൽ യുവാവിന്റെ കുത്തേറ്റ ഭാര്യ മരിച്ചു

മലപ്പുറം ● പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ഭർത്താവിന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുടുംബാംഗങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കിഴായൂര്‍ കുമാരിക്കയറ്റത്തില്‍ പറമ്പടന്മാരില്‍ ആതിരയാണ് (30) മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് സജീവ് ഗുരുതരാവസ്ഥയിലാണ്. 

ഇന്നലെയാണ് സംഭവം. ആതിരയെയും അമ്മ സരോജിനിയെയും മകള്‍ അശ്വനിയെയും കുത്തിയശേഷം സജീവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വീട്ടില്‍നിന്ന് നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നാലുപേരെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ആതിര ഇന്ന് മരിച്ചു.

സജീവ് മൈസൂരുവിലേക്ക് വിനോദയാത്ര പോയിരുന്നു. തിരിച്ചുവന്നതിനുശേഷം പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അച്ഛൻ ശങ്കരൻ വീട്ടിലില്ലാത്ത സമയത്തായിരുന്നു സജീവിന്റെ ആക്രമണം. പട്ടാമ്പി പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. നിര്‍മാണത്തൊഴിലാളിയാണ് സജീവ്.

കുമാരിക്കയറ്റം അങ്കണവാടിയിലെ താല്‍ക്കാലിക ജീവനക്കാരിയാണ് ആതിര. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.