തേഞ്ഞിപ്പലം ● മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിവന്ന ലഹരി കടത്തു സംഘത്തിന്റെ തലവനും കൂട്ടാളിയും പള്ളിക്കൽ ബസാർ കുറുന്തലയിൽ വെച്ച് പിടിയിലായി. കൊണ്ടോട്ടി എക്കാപറമ്പ് കുഴിമണ്ണ സ്വദേശി മുസ്ലിയാരകത്ത് മുഹമ്മദ് ആഷിഖ് എന്ന അക്കു (29), പള്ളിക്കൽ സ്വദേശി പാലക്കണ്ടിപറമ്പത്ത് ഫായിസ് മുബഷീർ (29) എന്നിവരാണ് പിടിയിലായത്. മാരക ലഹരി മരുന്നായ എംഡിഎംഎ വില്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
6 ഗ്രാമോളം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ലഹരി വില്പനയിലൂടെ ലഭിച്ച 1,16,000 രൂപയും ലഹരി കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വർഷം വണ്ടൂരിൽ വെച്ച് എക്സൈസ് എംഡിഎംഎ യും കൊക്കൈനും പിടികൂടിയ കേസിലെ പ്രധാന പ്രതിയാണ് അക്കു ആഷിഖ്. അന്ന് സംഭവ സ്ഥലത്തു നിന്നും എക്സൈസിനെ വെട്ടിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഈ കേസിൽ ഇയാളെ അറസ്റ്റു ചെയ്യുമെന്നും കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് അറിയിച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി വൈ എസ് പി മൂസ വള്ളിക്കാടന്റെ നിർദ്ദേശപ്രകാരം തേഞ്ഞിപ്പലം ഇൻസ്പക്ടർ പ്രതീപ്, എസ് ഐ വിപിൻ വി പിള്ള എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർകോട്ടിക്സ് സ്ക്വാഡും തേഞ്ഞിപ്പലം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.