ചേലേമ്പ്ര ● ദേശീയപാത കാക്കഞ്ചേരിയിൽ ഓടികൊണ്ടിരിക്കെ കാറിനു തീ പിടിച്ചു അപകടം. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം. കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ പളളിക്കല്‍ കൂനോള്‍മാട് സ്വദേശി സി പ്രമോദിന്‍റെ കാറിനാണ് ഓടിക്കൊണ്ടിരിക്കെ തീ പിടിച്ചത്. യൂണിവേഴ്സിറ്റിയിൽ നിന്നും ഫറോക്കിലേക്ക് പോകുകയായിരുന്നു അദ്ദേഹം.
എഞ്ചിന്റെ ഭാഗത്തു നിന്നും പുകയും കരിഞ്ഞ മണവും ശ്രദ്ധയിൽപെട്ടയുടനെ ഡ്രൈവർ ഇറങ്ങിയോടിയതിനാൽ വൻദുരന്തം ഒഴിവായി. വാഹനത്തിൽ മറ്റു യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. ഇരുപത് മിനിറ്റോളം കത്തിയതിനെ തുടർന്ന് വാഹനം പൂർണമായും നശിച്ച നിലയിലാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്നുമെത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീ അണച്ചത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.