മലപ്പുറം ● താനൂര്‍ ബോട്ട് അപകടക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. താനൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ തിങ്കളാഴ്ച കുറ്റപത്രം നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 12 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം.13,186 പേജുകളുള്ളതാണ് കുറ്റപത്രം. 865 രേഖകളും തൊണ്ടിമുതലുകളും 386 സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്.
മീൻപിടിത്ത ബോട്ട് രൂപമാറ്റം നടത്തിയതാണെന്നു രേഖകളില്‍നിന്ന് മറച്ചുവച്ചത് ഗുരുതര പിഴവായി കുറ്റപത്രത്തില്‍ പറയുന്നു. ബോട്ടുടമ താനൂര്‍ സ്വദേശി നാസര്‍ ഉള്‍പ്പെടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നതിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. യാത്രക്കാരും തൊഴിലാളികളുമടക്കം 52 പേര്‍ അപകടം നടന്ന ബോട്ടിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അപകടം നടന്ന് 85 ദിവസങ്ങള്‍ക്കുള്ളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന് നോര്‍ത്ത് സോണ്‍ ഐ.ജി. നീരജ്കുമാര്‍ ഗുപ്ത അന്തിമ അംഗീകാരം നല്‍കി. ഇന്‍സ്‌പെക്ടര്‍മാരായ ജീവന്‍ ജോര്‍ജ്, കെ.ജെ. ജിനേഷ്, അബ്ബാസലി, എം.ജെ. ജിജോ, സുരേഷ് നായര്‍, സബ് ഇന്‍സ്‌പെക്ടര്‍ പി.ജെ. ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന 21 അംഗങ്ങള്‍ക്കായിരുന്നു കേസന്വേഷണച്ചുമതല.