സംവിധായകൻസിദ്ധീഖിന്റെ വിയോഗത്തിൽ അനുശോചിച്ച് നേതാക്കൾ; ഖബറടക്കം ഇന്ന് വൈകീട്ട്

തിരുവനന്തപുരം | സംവിധായകൻ സിദ്ദീഖിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മന്ത്രി സജി ചെറിയാൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എന്നിവർ അനുശോചിച്ചു. അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദീഖിന്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

‘ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ മധുരമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ സിദ്ദീഖ് ശ്രദ്ധേയമായ മികവ് പുലർത്തിയിരുന്നു. മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ദീഖ്. അദ്ദേഹവും ലാലും ചേർന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂർത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സിൽ പതിറ്റാണ്ടുകൾക്ക് ശേഷവും മായാതെ നിൽക്കുന്നത് തന്നെ അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്. റാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ തുടങ്ങിയ ഇവരുടെ ചലച്ചിത്രങ്ങൾ വ്യത്യസ്ത തലമുറകൾക്ക് സ്വീകാര്യമായിരുന്നു. മലയാള ഭാഷയ്ക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രംഗത്തിനു സംഭാവന നൽകാൻ സിദ്ദീഖിന് സാധിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികൾക്കാകെയും നികത്താനാവാത്തതാണ് സിദ്ദീഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടം’’– മുഖ്യമന്ത്രി പറഞ്ഞു.

ചിരിയുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കാവുന്ന ചലചിത്ര പ്രവർത്തകനായിരുന്നു സിദ്ദീഖ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുശോചിച്ചു. മലയാള സിനിമയെ വാണിജ്യ വഴിയിലേക്ക് നടത്തിയ സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ട് മലയാളി പ്രേക്ഷകർക്ക് മറക്കാനാകില്ല. സിദ്ദീഖ്-ലാല്‍ എന്ന പേരില്‍ ഇറങ്ങിയ അഞ്ചു സിനിമകളും ഇന്നും മലയാളി പ്രേക്ഷകരുടെ മനസിലുണ്ട്‌. എക്കാലത്തെയും മികച്ച ഹാസ്യ സിനിമകളുടെ സ്രഷ്ടാക്കളായാണ് സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ട് അറിയപ്പെടുന്നത്. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങി എല്ലാം മറക്കാനാകാത്ത സിനിമകളാണ്. അനുഗ്രഹീത കലാകാരനായിരൂന്ന സിദ്ദീഖിന്റെ വിയോഗം കലാമേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ഇന്ന് രാവിലെ സിദ്ദിഖിന്‍റെ ഭൌതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൌരവലിക്കും, സിനിമ രംഗത്തുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഉണ്ടാകും. തുടര്‍ന്ന് മൃതദേഹം അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കൊണ്ടു പോകും. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക.

ചൊവ്വാഴ്ച വൈകീട്ട് 9 മണിയോടെയാണ് സംവിധായകന്‍ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്.  സിദ്ധിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ധിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്.