മലപ്പുറം ● തുവ്വൂരില്‍ കുടുംബശ്രീ പ്രവര്‍ത്തക സുജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു, അച്ഛൻ കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരന്മാരായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഫാൻ എന്നിവരാണ് അറസ്റ്റിലായത്.
കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവൻ താല്‍ക്കാലിക ജീവനക്കാരിയുമായ സുജിതയെ ആഗസ്റ്റ് 11നാണ് കാണാതായത്. സുജിതയുടെ ഫോണില്‍ അവസാനമായി വിളിച്ചത് പ്രതി വിഷ്ണുവായിരുന്നു. ഇതില്‍നിന്നാണ് അന്വേഷണം ഇയാളിലെത്തിയത്. പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായ വിഷ്ണുവും സുജിതയും തമ്മില്‍ സാമ്ബത്തിക ഇടപാടും തര്‍ക്കങ്ങളും ഉണ്ടായിരുന്നു. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.
സുജിത ജിഷ്ണുവിനു പണം നല്‍കിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെ ഇവര്‍ തമ്മില്‍ തര്‍ക്കവുമുണ്ടാകുന്നത്. വീട്ടില്‍ വച്ച് സുജിതയെ ശ്വാസം മുട്ടിച്ചുകൊന്നുവെന്ന് വിഷ്ണു മൊഴിനല്‍കിയിട്ടുണ്ട്. സുജിതയെ കൊലപ്പെടുത്തിയ ശേഷം എട്ടു പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ വിറ്റതായാണു വിവരം. മൃതദേഹം കൈയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലെന്ന് മലപ്പുറം എസ് പി വ്യക്തമാക്കി.കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലയെന്നും എസ് പി മാധ്യമങ്ങളോട് പറഞ്ഞു.