ഗൾഫ് രാഷ്ട്രങ്ങളിൽ സ്കൂൾ തുറക്കാനിരിക്കെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് തിരിച്ചടി; വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു

ഗൾഫിൽ സ്കൂൾ തുറക്കാൻ ഒരാഴ്ച ശേഷിക്കെ കേരളത്തിൽ നിന്ന് ജി സിസി രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. മധ്യവേലിൽ അവധിക്കു നാട്ടിലേക്ക് പോയി മടങ്ങുന്ന കുടുംബങ്ങൾ ഇതോടെ പ്രതിസന്ധിയിലായി. നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ലഭ്യമല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. വിവിധ സെക്ടർ വഴിയുള്ള കണക്ഷൻ വിമാനത്തിലാണ് പലരും ടിക്കറ്റ് എടുത്തെങ്കിലും നിരക്കിന് വ്യത്യാസമില്ല. ഇന്ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് വൺവേ ടിക്കറ്റ് ₹40000 രൂപയാണ്. ഇതനുസരിച്ച് നാല് പേരുള്ള കുടുംബത്തിന് ദുബായിലേക്ക് പറക്കാൻ ഒരു ലക്ഷത്തി അറുപതിനായിരം രൂപ വേണം.

കഴിഞ്ഞ ആഴ്ച വരെ വൺവേയ്ക്ക് 19500 രൂപ വരെയായിരുന്നു. വരുംദിവസങ്ങളിൽ നിരക്ക് ഇനിയും കൂടും എന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്.

എയർ ഇന്ത്യ, എമിറേറ്റ്സ്, ഇതിഹാദ്, ഖത്തർ എയർവെയ്സ് തുടങ്ങിയ എയർലൈനുകളിൽ ഇപ്പോൾ തന്നെ വൺവേ നിരക്ക് അറുപതിനായിരത്തിനും 90000 ത്തിനും ഇടയിലാണ്. തിരക്ക് കൂടുന്നതിന നുസരിച്ച് നിരക്ക് കൂടിക്കൊണ്ടിരിക്കും.

നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ഇല്ലാത്തത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ചെറിയ കുട്ടികളുമായി കണക്ഷൻ വിമാനങ്ങളിൽ മണിക്കൂറുകളോളം യാത്ര  ചെയ്യാൻ നിർബന്ധിതരാവുകയാണ് കുടുംബങ്ങൾ. സീറ്റില്ലാത്തതിനാൽ പലരും യാത്ര രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്. ഓണം കൂടി കഴിഞ്ഞതിനു ശേഷം സെപ്റ്റംബർ മൂന്നാം വാരം മുതലേ നിരക്ക് കുറയാൻ സാധ്യതയുള്ളൂ.