തിരൂരങ്ങാടി ● മമ്പുറം പാലത്തിലെ തെരുവ് വിളക്കുകൾ പ്രവർത്തനശൂന്യമായി മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതി. നിരവധി തവണ നഗരസഭയിൽ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകാരാണ് വിളക്കുകൾ നന്നാക്കേണ്ടത് എന്നാണ് നഗരസഭ പറയുന്നത്. നഗരസഭയ്ക്ക് പരസ്യബോർഡുകൾക്കുള്ള പണം നൽകുന്നുണ്ടെന്ന് പരസ്യ കമ്പനിക്കാരും പറയുന്നു.
ഇതോടെ നാട്ടുകാരും മമ്പുറം സ്വലാത്തിനു വരുന്ന വിശ്വാസികളും ദിനേനെയെത്തുന്ന നൂറുകണക്കിന് തീർത്ഥാടകരും ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. സാമൂഹ്യവിരുദ്ധരുടെ താവളവും കൂടി ആയിക്കൊണ്ടിരിക്കുകയാണ് പാലം എന്നും പരാതിയിൽ പറയുന്നു. കേടായ വിളക്കുകൾ അടിയന്തരമായി പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുൽ റഹീം പുക്കത്ത്, പ്രസിഡണ്ട് ഹംസക്കോയ വി.എം എന്നിവർ ബ്രിഡ്ജ് അസിസ്റ്റൻറ് എൻജിനീയർക്ക് പരാതി നൽകി.