ഓണം പടിവാതിൽക്കൽ; സപ്ലൈകോയില്‍ അരിയില്ല

മലപ്പുറം: സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങള്‍ എത്തുന്നില്ലെന്ന പരാതി നിലനില്‍ക്കെ അരിയും പഞ്ചസാരയും എത്തിയെങ്കിലും ഒറ്റദിവസം കൊണ്ട് തീര്‍ന്നു. ജയ അരി 1,500 കിലോ, പഞ്ചസാര 1,000 കിലോ, ഉഴുന്ന് 300 കിലോ, പരിപ്പ് 300 കിലോ, മല്ലി 300 കിലോ, ചെറുപയര്‍ 300 കിലോ എന്നിവയാണ് മലപ്പുറം നഗത്തിലെ സപ്ലൈകോ ഔട്ട്‌ലെറ്റില്‍ തിങ്കളാഴ്ച എത്തിയത്. എന്നാല്‍ വൈകുന്നേരത്തോടെ അരി തീര്‍ന്നു. ഇന്ന് രാവിലെയോടെ പഞ്ചസാരയും തീർന്ന അവസ്ഥയാണ്.

സബ്സിഡി ഇനത്തില്‍പ്പെട്ട വൻപയര്‍ എത്തിയിട്ട് രണ്ട് മാസത്തോളമായി. മുളക് എത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. കടല, മട്ട അരി, പച്ചരി, കുറുവ അരി എത്തിയത് കഴിഞ്ഞ ആഴ്ചയാണ്. ജില്ലയിലെ മറ്റ് സപ്ലൈകോ ഔട്ട്‌ലെറ്റുകളുടെയും അവസ്ഥയിതാണ്.

പത്ത് കിലോ അരി സബ്സിഡി നിരക്കില്‍ ലഭിക്കുമെങ്കിലും അഞ്ച് കിലോ വീതം മാസത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് നല്‍കുന്നത്. പയര്‍ വര്‍ഗങ്ങള്‍ ഒരു കിലോയും മല്ലി, പരിപ്പ്, പഞ്ചസാര അരക്കിലോയും നല്‍കും. ഓണമാവുമ്ബോഴേക്കും എല്ലാ സാധനങ്ങളും സപ്ലൈകോയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സപ്ലൈകോ സ്‌റ്റോക്ക് മാനേജര്‍ കെ.സുരേഷ്‌കുമാര്‍ പറഞ്ഞു. സപ്ലൈകോയ്ക്ക് സാധനം വിതരണം ചെയ്യുന്ന കമ്ബനികള്‍ക്ക് നല്‍കേണ്ട തുക വൻതോതില്‍ കുടിശ്ശികയായതാണ് സപ്ലൈകോയില്‍ സാധനങ്ങളെത്താത്തതിന് കാരണം.