കാലിക്കറ്റിലെ മരം കൊള്ള: സെനറ്റ് അംഗങ്ങൾ വി.സിയെ കണ്ടു

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ആസ്ഥാനത്തു നിന്ന് 2000 അക്കേഷ്യ മരങ്ങൾ മുറിച്ച് കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള പേപ്പർ പ്രോഡക്റ്റ് ലിമിറ്റഡ് കമ്പനിക്കു വിൽക്കാനുള്ള നീക്കത്തിൽ നിന്ന് സർവ്വകലാശാല പിൻമാറണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങളായ വി.കെ.എം ഷാഫി, ഡോ. അബ്ദു ജബ്ബാർ, ഡോ. ആബിദ ഫാറൂഖി, എന്നിവർ വൈസ് ചാൻസലർ പ്രൊഫ. എം.കെ ജയരാജിനെ കണ്ടു. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ആയിരത്തോളം മരങ്ങൾ വെട്ടിമുറിച്ച് സർവകലാശാലയിൽ ഒറ്റ മരവും നട്ടു പിടിക്കാതെയാണ് മരം കൊള്ളക്ക് വീണ്ടും ഒരുങ്ങുന്നത്. 

സർവകലാശാലയിൽ ഫലവൃക്ഷങ്ങൾ നട്ട് പിടിപ്പിക്കാൻ ഘട്ട ഘട്ടമായി അക്കേഷ്യ മരങ്ങൾ നീക്കം ചെയ്താൽ മതിയെന്ന സസ്യ ശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം പരിഗണിക്കാതെയാണ് വൻ സാമ്പത്തിക തട്ടിപ്പിന് വേണ്ടി ഇപ്പോൾ 2000 അക്കേഷ്യമരം മുറിച്ച് മാറ്റാൻ ശ്രമം നടത്തുന്നത്. മരം കൊള്ളയെ ന്യായീകരിച്ചുള്ള സർവകലാശാല അധികാരികളുടെ വാദങ്ങൾ ഓരോന്നായി പൊളിയുകയാണ്.

മരങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപ്പോർട്ട് മരം മുറിക്ക് വേണ്ടി അധികാരികളുടെ ഒത്താശയോടെ മുക്കുകയായിരുന്നു. അക്കേഷ്യ മരങ്ങൾ വെള്ളം വലിച്ചെടുക്കും എന്നത് കൊണ്ടാണ് വെട്ടി മുറിക്കുന്നത് എന്നാണ് മറ്റൊരു ന്യായീകരണം. എന്നാൽ മറ്റു മരങ്ങൾ ഏതു രീതിയിലാണോ വെള്ളം സ്വീകരിക്കുന്നത് അതേരീതിയിൽ മാത്രമാണ് അക്കേഷ്യയും വെള്ളം സ്വീകരിക്കുന്നത് എന്നാണ് സസ്യശാസ്ത്ര പഠന വിദഗ്ദർ വ്യക്തമാക്കുന്നത്. 

സർവകലാശാലയിൽ വ്യാപകമായി പാറയുള്ളതിനാൽ പാറക്കിടയിലേക്ക് അക്കേഷ്യയുടെ വേരുകൾ ഊർന്നിറങ്ങി നൈട്രജന്റെ സാന്നിധ്യം മണ്ണിൽ കൂടുതലുണ്ടാക്കും. ഇതിലൂടെ പാറയുടെ കാഠിന്യം കുറഞ്ഞ് മറ്റ് മരങ്ങൾക്ക് വളരുന്നതിനു സഹായകമായി തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അക്കേഷ്യ    പൂക്കുന്ന സമയത്ത് പുറത്തേക്ക് വരുന്ന പൊടി മനുഷ്യ ശരീരത്തിൽ തൊട്ടാൽ അലർജി ഉണ്ടാക്കുമെന്ന വാദവും ശരിയല്ലെന്നും കേരളത്തിലെ വിവിധ നെൽപ്പാടങ്ങളിലെ നെല്ല് പൂക്കുമ്പോഴും പുൽ വർഗ്ഗങ്ങളായ സസ്യങ്ങളിൽ പൂക്കുന്ന സമയത്തും പുറത്തേക്കുണ്ടാകുന്ന പൊടി ഏത് തരത്തിലാണ് മനുഷ്യന് അലർജിയായി മാറുന്നത് അത്തരത്തിലുള്ള അലർജി മാത്രമാണ് അക്കേഷ്യയുടെ പൂമ്പൊടിക്കും ഉള്ളതെന്നാണ് സസ്യ ശാസ്ത്ര വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്.

മെയ് 5ന് ചേർന്ന ഗ്രീൻ കമ്മിറ്റി മീറ്റിംഗിലും മെയ് 22ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലും മരം മുറിക്ക് അനുകൂലമായ മിനുട്സിന്റെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്  സെനെറ്റ് അംഗങ്ങൾ വി സിയെ കണ്ടു പ്രതിഷേധം  അറിയിച്ചത്.അനുമതി പിൻവലിച്ച് ഇതിന്റെ പിന്നിലുള്ള സാമ്പത്തിക തട്ടിപ്പ് കണ്ടെത്താൻ സർവ്വകലാശാല തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര മുറകളിലേക്ക് പ്രവേശിക്കുമെന്നും സെനറ്റ് മെമ്പർമാർ വി.സിയെ അറിയിച്ചു.