കരിപ്പൂരിൽ സ്ഥലം വിട്ടുനൽകുന്ന കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയുടെ പ്രേത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

കൊണ്ടോട്ടി ● കരിപ്പൂർ വിമാനത്താവള സ്ഥലമേറ്റെടുപ്പിന് പ്രത്യേക പുനരധിവാസ പാക്കേജിന് സർക്കാർ അംഗീകാരം നൽകി.സ്ഥലം നഷ്ടപ്പെടുന്ന ഒരു കുടുംബത്തിന് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി അനുവദിക്കുക. കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കൽ, നെടിയിരുപ്പ് എന്നീ വില്ലേജുകളിലെ 14.5 ഏക്കർ ഭൂമി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഇരുവശത്തും നിർമ്മാണത്തിന് ഏറ്റെടുക്കുന്നത്.  

ഇതിൽ കുടിയൊഴിപ്പിക്കപ്പെടുന്ന 64 കുടുംബങ്ങൾക്കാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്.നിലവിലെ മാനദണ്ഡ പ്രകാരമുള്ള 4,60,000/- രൂപയ്ക്ക് പുറമെ 5,40,000/- രൂപ അധിക സഹായമായി നൽകി ഒരു കുടുംബത്തിന് ആകെ 10,00,000/- രൂപ പ്രത്യേക പുനരധിവാസ പാക്കേജായാണ് അനുവദിക്കുക. കീഴ് വഴക്കമാക്കരുതെന്ന നിബന്ധനയോടെ പ്രത്യേക കേസായി പരിഗണിച്ചാണിത്.

പ്രദേശവാസികളുടെ എതിർപ്പ് ശക്തമാകുന്നതിന്ടെയാണ് പ്രേത്യക പാക്കേജ് അനുവദിച്ചത്. കരിപ്പൂർ വിമാനത്താവള റൺവേ ആൻഡ് സേഫ്റ്റി ഏരിയ നിർമാണത്തിനാണ് സ്ഥലം ഏറ്റെടുക്കുന്നത്.സ്ഥലം ഏറ്റെടുത്തില്ലെങ്കിൽ റൺവേ നീളം കുറക്കുന്നത് സംബന്ധിച്ച് എയർപോർട്ട് ഡയറക്ടറോട് എയർപോർട്ട് അതോറിറ്റി കേന്ദ്ര കാര്യാലയം നിർദേശം നൽകിയിരുന്നു.