വന്ദേ ഭാരതിനു നേരെ കല്ലേറ്; താനൂരിൽ സ്കൂൾ വിദ്യാർത്ഥികൾ അറസ്റ്റിൽ

മലപ്പുറം  വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾ അറസ്റ്റിൽ. കഴിഞ്ഞ മാസം 21നാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നിരുന്നു. ഷൊർണൂരിൽ എത്തിയപ്പോൾ പൊട്ടിയ ചില്ലിൽ സ്റ്റിക്കർ പതിച്ചാണ് യാത്ര തുടർന്നത്.

റെയിൽവേ സുരക്ഷാ സേനയാണ് താനൂരിനു സമീപമുള്ള ഹൈസ്കൂളിലെ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. ഷൊർണൂർ റെയിൽവേ സുരക്ഷാ സേന കമാൻഡർ സിടി ക്ലാരി വത്സലയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ പിടികൂടിയത്.

അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ സ്കൂളിലെ അധ്യാപകരുടേയും രക്ഷിതാക്കളുടേയും സാന്നിധ്യത്തിൽ ചോദ്യം ചെയ്തപ്പോൾ കല്ലെറിഞ്ഞതായി കുട്ടികൾ സമ്മതിച്ചു. കുട്ടികളെ ഇന്ന് തവനൂരിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും.