അഗളി: അട്ടപ്പാടിയിൽ വിനോദ സഞ്ചാരത്തിനെത്തുന്നവർ ശിരുവാണി, ഭവാനി പുഴകളിലും പുഴയോരങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്നതായി ആക്ഷേപം. ഞായറാഴ്ച പുഴകൾ കാണാനെത്തിയ വിനോദസഞ്ചാരികളോട് പ്രദേശവാസികൾ പ്രതിഷേധവുമറിയിച്ചു. ശിരുവാണി പുഴയിലെത്തിയ വിനോദസഞ്ചാരികൾക്ക് എതിരെയാണ് പ്രതിഷേധവുമായി പ്രദേശവാസികളെത്തിയത്. അട്ടപ്പാടിയിലെ ജനങ്ങളുടെ പ്രധാന കുടിവെള്ളസ്രോതസ്സുകളാണ് ഭവാനി, ശിരുവാണി പുഴകൾ. അവധിദിവസങ്ങളിൽ തമിഴ്നാട്ടിൽനിന്നാണ് കൂടുതൽ വിനോദസഞ്ചാരികൾ അട്ടപ്പാടിയിലെത്തുന്നത്.
പുഴയിലെത്തി കുളിയോടൊപ്പം ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളും പുഴയിലും പുഴത്തീരത്തും വലിച്ചെറിയുകയാണ്. പ്രദേശവാസികള്‍ കുടിക്കാൻ ഉപയോഗിക്കുന്ന പുഴവെള്ളത്തില്‍ മാലിന്യം തള്ളുന്നതും മലമൂത്ര വിസർജനം നടത്തുന്നതും വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ശിരുവാണി പുഴയില്‍ കോട്ടത്തറ, അഗളി, നെല്ലിപ്പതി, മൂഞ്ചിക്കടവ്, ചിറ്റൂർ എന്നിവിടങ്ങളിലും ഭവാനി പുഴയിലെ തടയണകളിലുമാണ് സഞ്ചാരികള്‍ പ്രധാനമായും കുളിക്കാനിറങ്ങുന്നത്. ഞായറാഴ്ച രാവിലെ പുഴയരികിലെത്തിയ നൂറോളംപേർ വൈകുന്നേരം ആറുമണിയോടെയാണ് തിരികെപ്പോയത്. മറ്റുള്ള ജലസ്രോതസ്സുകൾ വറ്റിയതോടെ പുഴയെ ആശ്രയിക്കുന്ന ആദിവാസികളടക്കമുള്ളവർക്ക് പുഴയിലെത്തി കുടിവെള്ളം സംഭരിക്കാൻ കഴിയാത്ത സ്ഥിതിയായി. പ്രദേശവാസികളെത്തി ആവശ്യപ്പെട്ടിട്ടും വിനോദസഞ്ചാരികൾ പുഴയിൽ നിന്ന് കരകയറിയില്ല. ഇതിനെ ചോദ്യംചെയ്ത പ്രദേശവാസികളെ മദ്യപിച്ചെത്തിയവർ മർദിക്കാൻ തുനിഞ്ഞതായും പ്രദേശവാസികൾ പറയുന്നു.
ഈ പ്രദേശത്തെല്ലാം തന്നെ നിരവധി കുടിവെള്ള പദ്ധതികളുണ്ട്.
പുഴയില്‍നിന്നുള്ള വെള്ളമാണ് ഈ പദ്ധതികള്‍ ഉപയോഗപ്പെടുത്തുന്നതെന്നതിനാല്‍ മാലിന്യം പുഴയിലെത്തുന്നത് പകർച്ചവ്യാധികള്‍ വ്യാപിക്കാൻ ഇടയാക്കും. സഞ്ചാരികള്‍ പുഴ മലിനപ്പെടുത്തുന്നത് തടയുന്നതിന് പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ല.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് തമിഴ്നാട്ടില്‍നിന്ന് മാത്രം അട്ടപ്പാടിയിലെത്തുന്നത്. കടവുകളില്‍ ബോർഡുകള്‍ സ്ഥാപിക്കാനും ശൗചാലയങ്ങള്‍ നിർമിക്കാനും മാലിന്യം ശേഖരിക്കാനും പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. കുടിവെള്ളസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പോലിസ് സഹായം തേടുമെന്നും മുന്നറിയിപ്പ് ബോർഡുകൾ ഉടൻ സ്ഥാപിക്കുമെന്നു അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷമി ശ്രീകുമാർ, പുതൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ എന്നിവർ പറഞ്ഞു