കടയുടെ പിന്നിൽ മടവാൾ ഉപേക്ഷിച്ച നിലയിൽ

മണ്ണാർക്കാട്: റോഡരികിലെ കടയുടെ പിന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മടവാൾ മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. കടയുടമ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ആയുധം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  പകുതി ഭാഗം തുണി കൊണ്ട് പൊതിഞ്ഞ നിലയിലാണ് കണ്ടെടുത്തത്. തിരഞ്ഞെടുപ്പ് സമയമായതിനാൽ ആരോ കരുതിക്കൂട്ടി ചെയ്തിട്ടുള്ളതാകാമെന്നാണ് പോലീസിന്റെ നിഗമനം.  മണ്ണാർക്കാട് പോലീസ് സ്‌റ്റേഷന്‌ സമീപത്തുനിന്ന് നൂറുമീറ്റർ മാറിയുള്ള കടയുടെ കെട്ടിടത്തിന് പിൻവശത്തായാണ് പകുതിഭാഗം തുണിയിൽ പൊതിഞ്ഞ നിലയിലുള്ള മടവാൾ കണ്ടെത്തിയത്. അടിക്കാട് വെട്ടുന്നതിന് ഉപയോഗിക്കുന്ന നീളമുള്ള മടവാളാണിത്.

പ്രത്യക്ഷ പരിശോധനയിൽ സംശയിക്കത്തക്കതൊന്നും ആയുധത്തിൽ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. ആയുധം ഉപേക്ഷിച്ചവരെ കണ്ടെത്തുന്നതിനായി സമീപത്തെ സി.സി.ടി.വി. ക്യാമറകൾ പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസ്.