പത്തനംതിട്ടയിലും മോക് പോളില്‍ അധിക വോട്ട്; ബിജെപിക്കെതിരെ പരാതി

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിനുളള മോക് പോളില്‍ വോട്ടിങ് മെഷീനെതിരെ വീണ്ടും പരാതി. പത്തനംതിട്ട മണ്ഡലത്തില്‍ നടത്തിയ മോക് പോളിലാണ് ഇ.വി.എമ്മിനെതിരെ ഗുരുതര ആരോപണം ഉയർന്നത്. മണ്ഡലത്തില്‍ ആകെ എട്ടു സ്ഥാനാർഥികളാണ് ഉളളത്. നോട്ട ഉള്‍പ്പെടെ ഒമ്പതെണ്ണമാണ് മെഷീനില്‍ കാണിക്കുക. ഇതില്‍ മോക് പോള്‍ നടത്തിയപ്പോള്‍ ഒന്പതു സ്ലിപ്പ് ലഭിക്കേണ്ടതിനു പകരം പത്തെണ്ണം ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി അനില്‍ ആന്റണിക്കാണ് ഒരു സ്ലിപ്പ് അധികമായി ലഭിച്ചത്. ഇതിനെതിരെ പൂഞ്ഞാർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയാണ് വരാണിധികായികൂടിയായ ജില്ലാ കളക്ടർക്ക് പരാതി നല്‍കിയത്.

അതേസമയം അത് സാങ്കേതികമായ തകരാറുമൂലം സംഭവിച്ച പ്രശ്നമാണെന്നും അപ്പോള്‍ തന്നെ പരിഹരിക്കുകയും പാർട്ടി പ്രതിനിധികളെ കാണിച്ച് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു എന്ന് കളക്ടർ പറഞ്ഞു. സമയം സെറ്റ് ചെയ്യുന്നതില്‍ വന്ന പിഴവുമൂലമാണ് അങ്ങനെ സംഭവിച്ചതെന്നും കളക്ടർ പറഞ്ഞു.കഴിഞ്ഞ ദിവസം കാസർകോടും മോക് പോളില്‍ ബി.ജെ.പിക്ക് അധികമായി വോട്ട് ലഭിച്ചതായി പരാതി ഉയർന്നിരുന്നു.