മണ്ണാർക്കാട് നഗരത്തിൽ ബ്ലോക്കോട് ബ്ലോക്ക്; നട്ടം തിരിഞ്ഞ് യാത്രക്കാർ

മണ്ണാര്‍ക്കാട്: മണ്ണാർക്കാട്  നഗരത്തിലെ ഗതാഗതക്കുരുക്ക് ശമനമില്ലാതെ തുടരുന്നു. അരമണിക്കൂർ യാത്ര കൊണ്ട് എത്തേണ്ട സ്ഥലത്ത് സമയത്തെത്താൻ ഒരു മണിക്കൂർ മുമ്പേ ഇറങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്.  രാവിലെ മുതല്‍ ഉച്ച വരെയും വൈകുന്നേരങ്ങളിലും അനുഭവപ്പെടുന്ന തിരക്ക് യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. സ്വതവേ വീതികുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ മൂന്നും നാലും വരിയായി കടന്നുപോകുന്നത് കുരുക്കിന് ആക്കംകൂട്ടുന്നു. കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാനും ഏറെ കാത്തുനില്‍ക്കണം. നഗരസഭ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തും കോടതിപ്പടി ജങ്ഷനിലുമാണ് സ്ഥിതി രൂക്ഷം. ബസ് സ്റ്റാന്‍ഡില്‍നിന്ന് വാഹനങ്ങള്‍ ഇറങ്ങുകയും കയറുകയും ചെയ്യുമ്പോള്‍ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം സ്തംഭിക്കുന്നു. കോടതിപ്പടി ഭാഗത്ത് ചങ്ങലീരി റോഡില്‍നിന്ന് വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുമ്പോഴും തിരിച്ചുകയറുമ്പോഴും സമാനമായ ഗതാഗത തടസ്സമുണ്ടാകുന്നു.
വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസുണ്ടെങ്കിലും തിരക്ക് നിയന്ത്രണവിധേയമല്ല. ഗതാഗതക്കുരുക്ക് കുറക്കുന്നതിന്റെ ഭാഗമായി ചങ്ങലീരി റോഡില്‍നിന്ന് നമ്പിയാംകുന്ന് ഭാഗത്തുകൂടെ മുമ്ബ് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം മുതല്‍ ഇതും നിലച്ചു. ഇവിടെനിന്ന് കുന്തിപ്പുഴ പാലത്തിന് സമീപം പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. നിലവില്‍, നിയന്ത്രണമില്ലാതായതോടെ എല്ലാ വാഹനങ്ങളും നേരിട്ട് കോടതിപ്പടി ജങ്ഷനിലേക്ക് പ്രവേശിക്കുകയാണ്. റോഡുകളുടെ വീതികുറവും അനധികൃത വാഹന പാര്‍ക്കിങ്ങും ഗതാഗക്കുരുക്കിന് ഇടയാക്കുന്നുണ്ട്.