മണ്ണാർക്കാട്: വ്യാഴാഴ്ച വൈകീട്ട് 11 കെ വി സബ്സ്റ്റേഷനിലെ രണ്ട് ട്രാൻസ്ഫോർമറുകൾ ഒരുമിച്ച് തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടതിൽ ക്ഷുഭിതരായ ജനങ്ങൾ കെഎസ്ഇബി ജീവനക്കാർക്കെതിരെ ചൊരിഞ്ഞ വിമർശനങ്ങൾക്ക് കണക്കില്ല, പക്ഷേ 34 ഓളം കെഎസ്ഇബി ജീവനക്കാരുടെ മണിക്കൂറുകളോളം നീണ്ട കഠിനാധ്വാനത്തിന്റെ ഫലമായാണ് പുലർച്ചെയെങ്കിലും ഭൂരിഭാഗം വീടുകളിലും വൈദ്യുതി എത്തിയതെന്നത് വിസ്മരിക്കപ്പെട്ടു കൂടാ. ട്രാൻസ്ഫോർമറിൽ നിന്നും വൈദ്യുതി വിതരണം ചെയ്യുന്ന പാനലിലേക്കുള്ള നാല് പവർ കേബിളുകൾ ഉരുകി നശിച്ചതാണ് വൈദ്യുതി വിതരണം തടസ്സപ്പെടാൻ കാരണം. ഓവർലോഡാണ് ഇതിന് കാരണം. വൈദ്യുതി തടസ്സം ഉണ്ടായ ഉടനെ ജീവനക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചത്. അവരുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഒരു ട്രാൻസ്ഫോർമറിന്റെ കേബിളുകൾ മാറ്റി വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ വൈദ്യുതി വിതരണത്തിന് സജ്ജമാക്കി. തുടർന്ന് ലോഡ്ഷെഡ്ഢിങ്ങ് ഏർപ്പെടുത്തി സബ്സ്റ്റേഷൻ പരിധിയിൽ നിശ്ചിത സമയം ഇടവിട്ട് വൈദ്യുതി വിതരണം ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പാലക്കാട് നിന്നും പുതിയ കേബിളുകൾ എത്തിച്ച് രണ്ടാമത്തെ ട്രാൻസ്ഫോർമറിന്റെ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ സബ്സ്റ്റേഷൻ പരിധിയിലെ വൈദ്യുതി വിതരണം പൂർവ്വ സ്ഥിതിയിലാക്കി. 24 മണിക്കൂർ നീണ്ട ആത്മാർത്ഥ പരിശ്രമത്തിന്റെ ഭാഗമായാണ് വൈദ്യുതി വിതരണം പൂർവ്വ സ്ഥിതിയിലായത്. വൈദ്യുതി തടസ്സം നേരിടുമ്പോൾ ജീവനക്കാരെ വിമർശിക്കുന്നവർ, അത് പൂർവ്വസ്ഥിതിയിലാകാൻ അവരെടുക്കുന്ന പരിശ്രമം അറിയാതെ പോകുകയാണ്