മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ പാമ്പ് ശല്യം

മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണിയായി പാമ്പുകൾ. ഒരാഴ്ചയ്ക്കിടെ ആശുപത്രിവളപ്പിൽനിന്നു പിടികൂടിയത് എട്ടുപാമ്പുകളെ. പേ വാർഡിനുള്ളിൽനിന്നു കഴിഞ്ഞദിവസം രാത്രിയിൽ അണലി വർഗത്തിൽപ്പെട്ട പാമ്പിനെ പിടികൂടിയിരുന്നു. ചൂട് കാരണം ഇടനാഴിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന വിയ്യക്കുറുശ്ശി പൂവത്തുംപറമ്പ് വീട്ടിൽ സിദ്ദീഖ് (56) ഭാഗ്യവശാലാണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്.

പുലർച്ചെ നാലരയോടെ ഉറക്കമുണർന്ന ഇദ്ദേഹം കണ്ടത് കാലിനുമുകളിൽ പുതച്ചിരുന്ന പുതപ്പിന്റെ ഒരുവശത്ത് പാമ്പ് കടിച്ചുവലിക്കുന്നതാണ്. പേടിച്ചുവിറച്ച സിദ്ദീഖ് പുതപ്പ് തട്ടിയെറിഞ്ഞ് ചാടിയെഴുന്നേൽക്കുകയായിരുന്നു. തുടർന്ന്, ജീവനക്കാരെ വിവരം അറിയിച്ചു. പാമ്പിനെ സുരക്ഷാജീവനക്കാർ പിടികൂടി വനംവകുപ്പിന് കൈമാറി. രണ്ടുദിവസം മുമ്പും ഇതേയിനത്തിൽപ്പെട്ട രണ്ട് പാമ്പുകളെ പിടികൂടിയിരുന്നു.

ഇതിലൊന്നിനെ ജീവനക്കാരുടെ മുറിയിലെ ശൗചാലയത്തിന് പുറത്തിട്ട ചവിട്ടിയുടെ അടിയിൽനിന്നാണ് കണ്ടെത്തിയത്. പേവാർഡ് കെട്ടിടത്തിന് പുറത്തും അത്യാഹിതവിഭാഗത്തിന് സമീപത്തും പാമ്പുകളെ പിടികൂടുകയുണ്ടായി. മാസങ്ങൾക്കുമുമ്പ് രക്തബാങ്ക് കെട്ടിടത്തിന് സമീപത്തുനിന്നു മൂർഖനെയും പിടികൂടിയിരുന്നു. വിവരമറിയിച്ച പ്രകാരം വനംവകുപ്പ് ദ്രുതപ്രതികരണ സേനയെത്തിയാണ് പാമ്പുകളെ പിടികൂടി കൊണ്ടുപോയത്.

പാമ്പുശല്യം വർധിച്ചതോടെ ഡോക്ടർമാരുൾപ്പടെയുള്ള ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും സന്ദർശകരുമെല്ലാം ഭയപ്പാടിലാണ്.

ആശുപത്രിയുടെ ചുറ്റുമതിൽ കരിങ്കല്ലുകൊണ്ട് നിർമിച്ചതാണ്. വർഷങ്ങൾ പഴക്കമുള്ള മതിലിൽ നിറയെ മാളങ്ങളാണ്. ഇവിടെയാണ് പാമ്പുകൾ തമ്പടിക്കുന്നതെന്ന് ജീവനക്കാരും രോഗികളും പറയുന്നു. ചില സന്ദർശകർ, മതിലിലെ പൊത്തുകളിൽ പാമ്പുകളെ കണ്ടതായും പറയുന്നു. ആശുപത്രിയുടെ സമീപമാണ് വനംവകുപ്പിന്റെ ഓഫീസുള്ളത്. മരങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലം കൂടിയാണിവിടം. രക്തബാങ്ക് കെട്ടിടത്തിന് പിന്നിലും പേവാർഡ് കെട്ടിടത്തിന് അരികിലുമെല്ലാം നിരവധി ഇരുചക്രവാഹനങ്ങളാണ് നിർത്തിയിടാറുള്ളത്. വാഹനങ്ങളിൽ പാമ്പുകൾ കയറിക്കൂടാനും സാധ്യതയുണ്ട്

പേ വാർഡിൽ പാമ്പിനെ കണ്ടതുമായി ബന്ധപ്പെട്ട് വിയ്യക്കുറുശ്ശി സ്വദേശി സിദ്ദീഖ് ആശുപത്രി സൂപ്രണ്ടിന് പരാതിനൽകി. പാമ്പുകളെ കണ്ടെത്തിയ കെട്ടിടത്തിനു സമീപത്തെ മതിലിലെ മാളങ്ങൾ അടിയന്തരമായി അടയ്ക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

14 ലക്ഷം രൂപ വകയിരുത്തി ചുറ്റുമതിൽ അറ്റകുറ്റപ്പണി നടത്താനും സുരക്ഷാജീവനക്കാരുടെ മുറി നിർമിക്കാനും നടപടികൾ സ്വീകരിച്ചുവരുന്നതായി നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീറും പറഞ്ഞു.