മണ്ണാർക്കാട്: വേനൽ ചൂടിന്റെ അതിരൂക്ഷതയിൽ വൈദ്യുതി കൂടി മുടങ്ങിയാലുള്ള അവസ്ഥ അതി ഭീകരമാണ്. ഒരു രാത്രി മുഴുവൻ വൈദ്യുതി മുടങ്ങിയാലുള്ള അവസ്ഥയോ ചിന്തിക്കാൻ കൂടി പറ്റില്ല. അങ്ങനെ ഒരവസ്ഥയിലൂടെ യാണ് ഇന്നലെ മണ്ണാർക്കാട്ടുകാർ കടന്നുപോയത്. മണ്ണാർക്കാട് സബ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച വൈകീട്ടോടെ മണിക്കൂറുകളോളമാണ് വൈദ്യുതി തടസ്സപ്പെട്ടത്, പിറ്റേ ദിവസം പുലർച്ചയോടെയാണ് തകരാറുകൾ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. സബ് സ്റ്റേഷനിലെ രണ്ട് ട്രാൻസ്ഫോർമറുകൾ (10 MVA, 110kV/11kV, 12.5 MVA 110/11kV ) മിനിറ്റുകൾ ഇടവിട്ട് തകരാറിലായതാണ് വൈദ്യുതി മുടങ്ങാൻ കാരണം. രാത്രിയിലും ചൂടിന് യാതൊരു ശമനവും ഇല്ലാത്തതിനാൽ മണ്ണാർക്കാട്ടുകാർക്ക് ഇന്നലെ രാത്രി നരകതുല്ല്യമായി മാറി. പ്രായമായവരും, കുട്ടികളും അടക്കം എല്ലാവരും ഇന്നലെ ഏറെ ബുദ്ധിമുട്ടി. പാതിരാത്രിയിലും മിക്കവരും പുറത്ത് തന്നെയാണ് സമയം ചിലവഴിച്ചത്. കാളരാത്രി എന്തെന്നത് അതിന്റെ പൂർണ്ണ അർത്ഥത്തിൽ ഇന്നലെ രാത്രിയോടെയാണ് മനസ്സിലാക്കാനായതെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ഇന്ന് പുലർച്ച നാല് മണിയോടെയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കപ്പെട്ടത്. അതിന് ശേഷവും ഇന്ന് രാവിലെ മുതൽ വൈകീട്ട് വരെ മിക്കയിടങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടു.
ആവർത്തിക്കപ്പെട്ടാൽ പാതിരാ സമരമെന്ന് DCC ജനറൽ സെക്രട്ടറി പി.ആർ. സുരേഷ്
ഇന്നലെ 19-04-2024 ന് രാത്രി പോയ വൈദ്യുതി ഇന്ന് വൈകീട്ട് വരേയും ശരിയായിട്ടില്ല. ഇന്നലെ രാത്രി മുഴുവനും ഇന്ന് പകലും ജനങ്ങൾ ദുരിതമനുഭവിച്ചു. ഇത്രയും പ്രധാന വിഷയം പരിഹരിക്കാൻ തയ്യാറാകാത്തത് അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ്. ഒരു മണിക്കൂർ പണമടയ്ക്കാൻ വൈകിയാൽ ഫ്യൂസ് ഊരി ഉപഭോക്താക്കളെ നാണം കെടുത്തുന്ന KSEB ഈ പ്രശ്നപരിഹാരത്തിലുള്ള അലംഭാവം അവസാനിപ്പിക്കണം. ഓവർലോഡാണു പ്രശ്നമെങ്കിൽ കേരളം മുഴുവൻ ഇരുട്ടിലാകേണ്ടേ? തൃശൂർ പൂരമടക്കം അധിക വൈദ്യുതി ഉപയോഗിച്ച് അവിടെ ഭംഗിയായി നടക്കുന്നു. ഇന്നു രാത്രിയിലും വൈദ്യുതി ഇല്ലാത്ത അവസ്ഥ വന്നാൽ KSEB നിലയത്തിനു മുമ്പിൽ വൻ പാതിരാ സമരം കോൺഗ്രസ് നടത്തുമെന്ന് പി. ആർ സുരേഷ് പറഞ്ഞു