പാലക്കാട് പട്ടാമ്പി കൊടുമുണ്ടയിൽ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന യുവാവും മരിച്ചു. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. യുവതിയെ ആക്രമിച്ച ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പട്ടാമ്പി കൊടുമുണ്ട തീരദേശ റോഡില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
പട്ടിത്തറ പൂലേരി കാങ്കാത്ത് പടി ശിവൻ പ്രമ ദമ്പതികളുടെ പ്രവിയയാണ് (30) മരിച്ചത്. ഞായറാഴ്ച രാവിലെ 8 ഓടെ പ്രവിയ സ്കൂട്ടിയിൽ അവർ ജോലി ചെയ്യുന്ന പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരും വഴി കൊടുമുണ്ട തീരദേശ റോട്ടിൽ വെച്ചാണ് സംഭവം. കത്തി ഉപയോഗിച്ച് വയറിൽ കുത്തിയശേഷം കത്തിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രിവിയയും സന്തോഷും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ബന്ധത്തിൽനിന്ന് പിന്മാറി പ്രിവിയ മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് കൊലപാതകത്തിന് പ്രേരണയായതെന്നുമാണ് പോലീസിന്റെ നിഗമനം. വിവാഹമോചിതയായ പ്രവിയ സന്തോഷുമായി അടുപ്പത്തിലായിരുന്നു. തുടർന്ന് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതോടെ യുവതി സന്തോഷുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് കരുതുന്നത്.
ഏപ്രിൽ 29-നാണ് പ്രിവിയയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇതിനിടെയായിരുന്നു അതിദാരുണമായ കൊലപാതകം. സ്കൂട്ടറിൽ വരികയായിരുന്ന യുവതിയെ തടഞ്ഞുനിർത്തിയ പ്രതി, കുത്തിവീഴ്ത്തിയശേഷം കത്തിച്ച് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.