ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; തിരൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍



മലപ്പുറം • ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുകാരിയെ ആളൊഴിഞ്ഞ മലമുകളിലെത്തിച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ പടിഞ്ഞാറേക്കര ചെറിയച്ചംവീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ (25) ആണ് പിടിയിലായത്. മാസങ്ങള്‍ക്ക് മുൻപാണ് മുഹമ്മദ് ഇസ്മായില്‍ പത്താം ക്ലാസുകാരിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതും സൗഹൃദം സ്ഥാപിച്ചതും.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനായി ഇയാള്‍ മലപ്പുറത്തുനിന്നും നെടുങ്കണ്ടത്ത് എത്തി. പെണ്‍കുട്ടിയെ ഇയാള്‍ തനിക്ക് അരികിലേക്ക് വിളിച്ചുവരുത്തി. ആളൊഴിഞ്ഞ മലമുകളില്‍ എത്തിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് കുട്ടി മൊഴി നല്‍കി. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നെടുങ്കണ്ടം പൊലീസില്‍ വിവരം അറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 

മലപ്പുറം തിരൂര്‍ മേഖലയില്‍ സൗണ്ട് ആൻഡ് ലൈറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പ്രതിയെ നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തു. നെടുങ്കണ്ടം സി.ഐ ജെര്‍ലിൻ വി സ്‌കറിയയുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.