നഗരസഭയിലെ യു.ഡി.എഫ്. ജനപ്രതിനിധികൾ ട്രഷറിക്ക് മുന്നിൽ പ്രതിഷേധിച്ചു

മണ്ണാർക്കാട്: തൊഴിലുറപ്പ് തൊഴിലാളികളുടെ വേദനമുൾപ്പെടെയുള്ള  ടോക്കൺ ലഭിച്ച ബില്ലുകൾ വരെ ട്രഷറിയിൽനിന്ന് തിരിച്ചയച്ചതിൽ പ്രതിഷേധിച്ച് നഗരസഭയിലെ യു.ഡി.എഫ്. ജനപ്രതിനിധികൾ മണ്ണാർക്കാട് സബ് ട്രഷറി ഓഫീസിന് മുന്നിൽ ധർണ നടത്തി. ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ കെ. ബാലകൃഷ്ണൻ അധ്യക്ഷനായി.ഉപാധ്യക്ഷ കെ. പ്രസീത, സി. ഷഫീഖ് റഹ്മാൻ, മാസിത സത്താർ, അരുൺകുമാർ പാലക്കുറുശ്ശി, ടി. യൂസഫ് ഹാജി, രാധാകൃഷ്ണൻ, സി.കെ. സുഹ്റ, ടി.പി. ഉഷ എന്നിവർ സംസാരിച്ചു.

മാർച്ച് 23 മുതൽ 27 വൈകീട്ട് അഞ്ചുവരെ ട്രഷറിയിൽ നൽകിയ ഒരുകോടിയിലധികം രൂപയുടെ ബില്ലുകളാണ് തിരിച്ചയച്ചത്. ബില്ലുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന കരാറുകാരും നിർവഹണ ഉദ്യോഗസ്ഥരും ഇതോടെ ബുദ്ധിമുട്ടിലായി. മടക്കിയ ബില്ലിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതന ഇനത്തിൽ 70 ലക്ഷത്തോളം രൂപയുമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് നഗരസഭാധ്യക്ഷന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രതിഷേധവുമായെത്തിയത്. തുടർന്ന് നഗരസഭാംഗങ്ങൾ ട്രഷറി ഓഫീസർ വി.എം. പ്രദീപുമായി ചർച്ച നടത്തി. 22-ാംതീയതിവരെ ലഭിച്ച ബില്ലുകളെല്ലാം അനുവദിച്ചിട്ടുണ്ടെന്നും ഇതിനുശേഷംവന്ന ബില്ലുകളാണ് തിരിച്ചയച്ചതെന്നും ട്രഷറി ഓഫീസർ പറഞ്ഞു. നിലവിൽ ഫണ്ട് നൽകുന്നതിൽ തടസ്സമില്ലെന്നും അനുവദിക്കപ്പെട്ട ബില്ലുകൾ ഈമാസം ഹാജരാക്കുന്ന മുറയ്ക്ക് ഫണ്ടനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.