തിരുവനന്തപുരം: കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു അഘോഷത്തിൽ കേരളം. ഉണ്ണിക്കണ്ണനെ കണികണ്ട് നാടെങ്ങും ഇന്ന് വിഷു ആഘോഷത്തിൻ്റെ ലഹരിയിലേക്ക് കടന്നു. കാർഷികസമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്ക് കൺതുറക്കുന്ന വിഷു ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
വീടുകളിൽ കണികണ്ട് പിന്നാലെ ക്ഷേത്രങ്ങളിലെത്തി പ്രാർഥനയും വഴിപാടും നടത്തുന്നതോടെ സമ്പൽ സമൃദ്ധിയുടെ പ്രതീക്ഷ കൂടിയായ വിഷുവിൻ്റെ ആഘോഷം ആരംഭിക്കുകയാണ്. മേടമാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യവും വർഷം മുഴുവൻ ഒപ്പമുണ്ടാകുമെന്നാണ് വിശ്വാസം. സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലും കൂടിയാണ് വിഷു.
നിലവിളക്കിന് സമീപം ഓട്ടുരുളിയിൽ കുത്തരിനിറച്ച് മുകളിൽ കണിക്കൊന്ന പൂക്കളും കാർഷിക സമൃദ്ധിയുടെ ഭാഗമായി നാളികേരവും വെള്ളരിക്കയും വിവിധ തരത്തിലുള്ള ഫലവർഗങ്ങളും അതിനൊപ്പം നാണയങ്ങളും കോടിമുണ്ടും കണ്ണാടിയും ഒരുക്കിയാണ് വിഷു കണിയൊരുക്കുന്നത്.