മണ്ണാർക്കാട് കോങ്ങാട് റോഡ് രണ്ടാംഘട്ട ടാറിങ്

മണ്ണാർക്കാട് : മണ്ണാർക്കാട് - കോങ്ങാട്  റോഡ് രണ്ടാംഘട്ട ടാറിങ്ങ് ആരംഭിക്കുന്നു. കൊട്ടശ്ശേരി മുതൽ പള്ളിക്കുറുപ്പുവരെയുള്ള 13 കിലോമീറ്ററിന്റെ രണ്ടാംഘട്ട ടാറിങ് തിങ്കളാഴ്ച മുതൽ തുടങ്ങുമെന്നാണ് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചത്.  മണ്ണാർക്കാട് മേഖലയിൽ അഴുക്കുചാലിന്റെയും സംരക്ഷണഭിത്തിയുടെയും പ്രവൃത്തികൾ നടന്നുവരുകയാണ്. നിലവിൽ പള്ളിക്കുറുപ്പുമുതൽ മണ്ണാർക്കാടുവരെയുള്ള അഞ്ചു കിലോമീറ്ററിൽ പാറപ്പൊടിയും മെറ്റലും നിരത്തിയിട്ടുണ്ട്. മെറ്റൽ നിരത്തിയതോടെ ടാറിങ് വൈകാതെ നടക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. 

പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി വൈകിയതിനാൽ മാസങ്ങളായി ഇവിടെ പ്രവൃത്തികൾ നടന്നിരുന്നില്ല. യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലുമായിരുന്നു. കോങ്ങാടുമുതൽ മണ്ണാർക്കാടുവരെയുള്ള 18 കിലോമീറ്റർ റോഡിന്റെ പ്രവൃത്തികൾ കിഫ്ബിയുടെ 53.6 കോടി വിനിയോഗിച്ചാണ് നടക്കുന്നത്. മൂന്നുവർഷംമുമ്പാണ് നിർമാണോദ്ഘാടനം നടന്നത്. ഇതിൽ കോങ്ങാടുമുതൽ പള്ളിക്കുറുപ്പുവരെയുള്ള 13 കിലോമീറ്റർ ദൂരത്തിലാണ് ആദ്യഘട്ട ടാറിങ് പൂർത്തിയായത്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷമാണ് റോഡ് വീതികൂട്ടി നവീകരിക്കുന്നത്