പാലക്കാട് മുന്നിലാര്; വിവിധ സർവ്വേകളുടെ പ്രവചനം ഇങ്ങനെ

                       ചിത്രം കടപ്പാട്

മണ്ണാർക്കാട്: പാലക്കാട്ടെ ചൂട് പോലെ പാലക്കാട് മണ്ഡലത്തിൽ കടുത്ത പോരാട്ടമാണെന്നാണ് വിവിധ സർവ്വേകളുടെ പ്രവചനം. പാലക്കാട് മണ്ഡലത്തിൽ ഇടതുവലതു മുന്നണികൾ തമ്മിൽ ഒപ്പത്തിനൊപ്പമാണെന്നാണ് മനോരമ പ്രീ പോൾ സർവേ പ്രവചിക്കുന്നത്.

യുഡിഎഫിന്റെ സിറ്റിങ് എംപി വി.കെ.ശ്രീകണ്‌ഠനും എൽഡിഎഫിന്റെ എ.വിജയരാഘവനും തമ്മിൽ കടുത്ത പോരാട്ടമെന്നാണ് മനോരമ പ്രീ പോൾ സർവേ പ്രവചനം. . ഇരു മുന്നണികൾക്കും 40.5 ശതമാനം വീതം വോട്ടാണു പ്രവചിക്കുന്നത്. എൻഡിഎ സ്ഥാനാർഥിക്ക് 15.9% വോട്ടുമാണ് മനോരമ പ്രീ പോൾ സർവേ പ്രവചനം. കഴിഞ്ഞതവണ മത്സരിച്ച ബിജെപി നേതാവ് സി.കൃഷ്ണകുമാര്‍ തന്നെയാണ് ഇക്കുറിയും എന്‍ഡിഎ സ്ഥാനാര്‍ഥി. 24 ന്യൂസിന്റെ അഭിപ്രായ സർവ്വേ പ്രവചന പ്രകാരം വി. കെ. ശ്രീകണ്ഠൻ മുന്നിലാണ്. യു ഡി എഫ് സ്ഥാനാർഥി 39. 7% വോട്ട് നേടി മുന്നിലെത്തുമെന്നാണ് 24 ന്യൂസ് അഭിപ്രായ സർവേ പ്രവചനം. എൽഡിഎഫ് സ്ഥാനാർഥി 36.9% വോട്ടും, എൻഡിഎ സ്ഥാനാർഥി 22.1% വോട്ടും നേടുമെന്ന് 24 ന്യൂസ് അഭിപ്രായ സർവേ പ്രവചിക്കുന്നു. ഇതിന് നേരെ വിപരീതമായാണ് മാതൃഭൂമി ന്യൂസിന്റെ ഒപീനിയൻ പോൾ പ്രവചനം 40% വോട്ട് നേടി എ. വിജയരാഘവൻ മുന്നിലെത്തുമെന്നാണ് മാതൃഭൂമി ന്യൂസിന്റെ രണ്ടാംഘട്ട ഒപീനിയൻ പോൾ പ്രവചിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് 38% വോട്ടും, എൻഡിഎ സ്ഥാനാർഥിക്ക് 19% വോട്ടുമാണ് മാതൃഭൂമി ഒപീനിയൻ പോൾ പ്രവചനം. എന്തായാലും പാലക്കാട് പോരാട്ടം ശക്തമാണ്, പ്രവചനങ്ങളെയെല്ലാം മുന്നണികൾ തള്ളികളയുകയാണ്. പാലക്കാടൻ ചൂടിനേക്കാൾ ഉശിരോടെയാണ് മൂന്ന് മുന്നണികളും മത്സരരംഗത്തുള്ളത്. ആര് ജയിക്കുമെന്ന് ഒരു സൂചന പോലും കിട്ടാത്ത വിധമാണ് പാലക്കാട് ലോക്സഭ മണ്ഡലത്തിലെ മൽസരം